അഭിസാരികയുടെ പ്രണയം

നിർവചനങ്ങൾക്കതീതമാണിത് ..!!

ചിലയോർമ്മകളുണ്ട് ,അവശേഷിപ്പുകളും .

ഉയർന്നു താഴുന്ന കിതപ്പുകളിൽ

തേടിയിരുന്ന മുഖമേതെന്നു

ഓർത്തെടുക്കാനാവുന്നില്ലെനിക്ക്.

പക്ഷെ അതുനീയായിരുന്നു

ഇരുട്ടിന്റെ  കറുത്ത പടലത്തിൽ

എന്റെ അളകങ്ങളെ  മാടിയൊതിക്കിയപ്പോൾ

ഒരു വേശ്യക്ക്.. എനിക്ക്

ഒരു കാമുകിയുടെ പരിവേഷം തന്നു നീ

നിന്റെ കണ്ണുകളിലെ ഭാവം,

അതെപ്പൊഴുമെന്നെ കുഴക്കിയിരുന്നു

ആ കണ്ണുകളിലെ മായാജാലം

എനിക്കുളളതാവില്ലെന്നറിയാം

എങ്കിലും..

മണിക്കൂറുളുടെ അന്ത്യത്തിൽ

ഒന്ന് ഞാനാഗ്രഹിച്ചു ..ഒന്ന് പറയാൻ..

ആ കണ്ണുകളിലെ മാസ്മരികതയെ

ഞാൻ പ്രണ യിക്കുന്നു

പക്ഷെ പറയാൻ ഭയപ്പെട്ടു

കാരണം ഞാനൊരു വേശ്യയാണ്

ശരീരം വിൽക്കാൻ മാത്രം വിധിക്കപെട്ടവൾ

പ്രണയിക്കാനർഹതയില്ലാത്തവൾ

ഇപ്പോൾ ..

പഴക്കം തട്ടിയ അസ്ഥികൂടം

വരണ്ട ഹൃദയത്തിനുചുറ്റും

കാരാഗൃഹം നിർമ്മിച്ചുകഴിഞ്ഞിരിക്കുന്നു.

വർഷം വന്നു പോയി, മഞ്ഞുതിർന്നു

എന്നിട്ടും..

ചുംബിച്ചു കൊതിതീരാത്ത,

ഇരുട്ടിനാൽ മറക്കപ്പെട്ട

ആ ഓർമ്മകളിലാണ്  ഞാനിന്നും.

സ്വപ്നങ്ങളുടെ തലയറുത്ത് നിനക്ക്  തരുന്നു

അനുവാദം കാത്തു നിൽക്കാതെ

ഇരുട്ടിനെ പ്രണയിച്ച്

ഞാൻ പിന്നെയും തനിച്ചാവുന്നു.

 

Published byfrozenink

Miss.Independent...!! Lover of all sparkles and rainbows.. !!