ഒരു പെൻസിൽ പ്രണയം

വെട്ടിമിനുക്കി ,
കൂർത്ത കുന്തമുനകളായി
നിന്നിൽ പോറലേൽപ്പിച്
എത്രനാളിങ്ങനെ ??
സ്നേഹചുംബനങ്ങൾക്കു പകരം
മുനകൊണ്ട് അളന്നുകുറിച്ച്
നെടുകെയും കുറുകെയും വെട്ടിയും
മായ്ച്ചും തിരുത്തിയും
അവസാന ശ്വാസം വരെ
എന്റെ കറുത്ത നിണം കൊണ്ട്
അലംകൃതമാക്കുകയായിരുന്നു നിന്നെ ഞാൻ
മാപ്പ് !!

 

അഭിസാരികയുടെ പ്രണയം

നിർവചനങ്ങൾക്കതീതമാണിത് ..!!

ചിലയോർമ്മകളുണ്ട് ,അവശേഷിപ്പുകളും .

ഉയർന്നു താഴുന്ന കിതപ്പുകളിൽ

തേടിയിരുന്ന മുഖമേതെന്നു

ഓർത്തെടുക്കാനാവുന്നില്ലെനിക്ക്.

പക്ഷെ അതുനീയായിരുന്നു

ഇരുട്ടിന്റെ  കറുത്ത പടലത്തിൽ

എന്റെ അളകങ്ങളെ  മാടിയൊതിക്കിയപ്പോൾ

ഒരു വേശ്യക്ക്.. എനിക്ക്

ഒരു കാമുകിയുടെ പരിവേഷം തന്നു നീ

നിന്റെ കണ്ണുകളിലെ ഭാവം,

അതെപ്പൊഴുമെന്നെ കുഴക്കിയിരുന്നു

ആ കണ്ണുകളിലെ മായാജാലം

എനിക്കുളളതാവില്ലെന്നറിയാം

എങ്കിലും..

മണിക്കൂറുളുടെ അന്ത്യത്തിൽ

ഒന്ന് ഞാനാഗ്രഹിച്ചു ..ഒന്ന് പറയാൻ..

ആ കണ്ണുകളിലെ മാസ്മരികതയെ

ഞാൻ പ്രണ യിക്കുന്നു

പക്ഷെ പറയാൻ ഭയപ്പെട്ടു

കാരണം ഞാനൊരു വേശ്യയാണ്

ശരീരം വിൽക്കാൻ മാത്രം വിധിക്കപെട്ടവൾ

പ്രണയിക്കാനർഹതയില്ലാത്തവൾ

ഇപ്പോൾ ..

പഴക്കം തട്ടിയ അസ്ഥികൂടം

വരണ്ട ഹൃദയത്തിനുചുറ്റും

കാരാഗൃഹം നിർമ്മിച്ചുകഴിഞ്ഞിരിക്കുന്നു.

വർഷം വന്നു പോയി, മഞ്ഞുതിർന്നു

എന്നിട്ടും..

ചുംബിച്ചു കൊതിതീരാത്ത,

ഇരുട്ടിനാൽ മറക്കപ്പെട്ട

ആ ഓർമ്മകളിലാണ്  ഞാനിന്നും.

സ്വപ്നങ്ങളുടെ തലയറുത്ത് നിനക്ക്  തരുന്നു

അനുവാദം കാത്തു നിൽക്കാതെ

ഇരുട്ടിനെ പ്രണയിച്ച്

ഞാൻ പിന്നെയും തനിച്ചാവുന്നു.

 

Untitled

എഴുതാനൊന്നും ഇല്ലത്രെ.. !!
ഇളകി പറന്നുയരുന്ന വെള്ള കടലാസുകളിൽ ആത്മാവിൽ മുട്ടി വിളിച്ച ചില ഓർമ്മകൾ കുത്തികുറിക്കണമെന്നുണ്ട് .ഓരോന്നും ഓരോ ഓർമ്മകളാണ് .. കരയാനും ചിരിക്കാനുമുള്ള ഓർമ്മകൾ. മുറ്റത്തെ ഇനിയും പൂക്കാത്ത മാവിൻ ചുവട്ടിലെ കാറ്റേറ്റ് ,എനിക്കുമാത്രമുള്ള പെൺ കിനാക്കളെയും കനവുകളെയും അയവിറക്കി, എന്റെ ഇടവപാതികളെയും ശിശി രങ്ങളെയും കാത്തിരുന്ന് നേരം മുഷിപ്പിക്കുന്ന, തീപോലുരുകിയ മദ്ധ്യാന്ഹങ്ങളെ ഞാന്‍ എങ്ങനെ കവിതകളായി ഗര്‍ഭം ധരിക്കണം. ??

നടക്കുകയാണ്…  കണ്ണെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണല്‍ പരപ്പിലൂടെ…. അലറിയടിക്കുന്ന തിരയുടെ രോദനം കേട്ട്.. കടലിന്‍റെ മാറില്‍ തലചായിക്കാന്‍ തുടങ്ങിയ സൂര്യന്‍ എന്‍റെ നിഴലിന്‍റെ നീളം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.  എന്നും ഒരേ കാഴ്ച്ചകള്‍ ഒരേ സ്വപ്നങള്‍ …..ഞാന്‍ ഇവിടെ…ഉഷ്ണമൊഴുകുന്ന ഉച്ചകളില്‍ ..  … വരണ്ടു പൊട്ടിയ മനസ്സുമായ്.. വാടിയൊതുങ്ങിയ മുഖവുമായ്.. നിറങ്ങള്‍ തേടിയലഞ്ഞു … ഒരു പൂമ്പാറ്റയാകാന്‍ കൊതിച്ചു…!